രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനായി കഴിക്കുന്ന മരുന്നുകള്‍ കോവിഡ് കാരണം മരണപ്പെടാനുള്ള സാധ്യത കുറക്കും എന്ന് പുതിയ പഠനം.

സാന്‍ഡിയാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊളസ്‌ട്രോള്‍ കുറക്കുന്നതിനായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ വിഭാഗത്തില്‍പെട്ട മരുന്നുകള്‍ കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത 41 ശതമാനമായി കുറക്കും എന്ന് പഠനം വ്യക്തമാക്കുന്നു.

കരളിലുള്ള കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈമുകളെ തടയുകയാണ് സ്റ്റാറ്റിന്‍ വിഭാഗത്തിലുള്ള മരുന്നുകള്‍ ചെയ്യുന്നത്. അമേരിക്കയിലെ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എസ്റ്റിമേറ്റിന്റെ കണക്ക് പ്രകാരം 93 ശതമാനം ആളുകളും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനായി സ്റ്റാറ്റിന്‍ വിഭാഗത്തില്‍പെട്ട മരുന്നുകളാണ് ഉപയോഗിക്കുന്നത്.
ഹൃദയ സബന്ധമായ പ്രശ്‌നങ്ങളോ ഹൈപ്പര്‍ ടെന്‍ഷനോ ഉള്ളവരില്‍ കോവിഡ് കാരണമുള്ള മരണം 31 ശതമാനം കുറക്കാന്‍ സ്റ്റാറ്റിന്‍ അല്ലെങ്കില്‍ ആന്റി ഹൈപ്പര്‍ ടെന്‍ഷന്‍ മരുന്നുകള്‍ക്ക് കഴിയും എന്നും പഠനത്തില്‍ പറയുന്നു. ഈ മരുന്നുകള്‍ എന്തിനാണോ കുറിച്ച്‌ നല്‍കുന്നത് ആ ധര്‍മ്മം കൃത്യമായി വഹിക്കുന്നത് കൊണ്ടാണ് കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത കുറക്കുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വിശദീകരിച്ചു.

പ്ലോസ് വണ്‍ എന്ന ജേണലിലാണ് ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള 9 മാസക്കാലത്ത് കോവിഡ് ബാധിച്ച 10,541 രോഗികളുടെ വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. അമേരിക്കയിലെ 104 വ്യത്യസ്ഥ ആശുപത്രികളില്‍ ചികില്‍സ തേടിയ ആളുകളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ലഭിച്ച വിവരങ്ങളില്‍ നിന്നും നിലവില്‍ രോഗങ്ങള്‍ ഉള്ളവര്‍, സാമൂഹിക പശ്ചാത്തലം, ആശുപത്രിയിലെ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് വിശകലനം നടത്തിയത് എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഹൃദ്രോഗ- ഐസിയു വിഭാഗം ഡയറക്ടറും പ്രഫസറുമായ ലോറി ഡാനിയേല്‍ പറഞ്ഞു.

‘സ്റ്റാറ്റിന്‍ വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ കോവിഡ് ബാധിച്ച്‌ ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിച്ചവരുടെ മരണങ്ങള്‍ കുറക്കാന്‍ സാധിച്ചു എന്നാണ് ഗവേഷണത്തിലെ പ്രധാന കണ്ടെത്തല്‍. നിരീക്ഷണം നടത്തിയുള്ള എല്ലാ പഠനങ്ങളെയും പോലെ സ്റ്റാറ്റിന്‍ മരുന്നുകളുടെ ഉപയോഗം മാത്രമാണ് കോവിഡ് മരണ സാധ്യത കുറച്ചത് എന്ന് ഉറപ്പിച്ച്‌ പറയാനാകില്ല. പക്ഷെ ഈ മരുന്നുകള്‍ രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിന് പ്രധാന പങ്കു വഹിച്ചു എന്ന് ഇതിലൂടെ വ്യക്തമാണ്’ ലോറി ഡാനിയേല്‍ വിശദീകരിച്ചു.