തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്നു. വരും മണിക്കൂറുകളിലും അടുത്ത ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനിടയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. തീരദേശത്ത് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

ജൂണ്‍ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ജൂണ്‍ 15 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിനൊപ്പം മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 16, 17 തീയതികളില്‍ ശക്തമായ മഴ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.