രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് വന്‍ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസര്‍ക്കാരുകളും. യുപിഎ ഭരണകാലത്ത് ക്രൂഡോയില്‍ വില 132 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു. എന്നാല്‍ ഇന്ന് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 72 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഇന്ധനവില നൂറു കടന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 34.19 ഉം  ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്‍റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ സര്‍ക്കാരുകള്‍ പിഴിയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഇന്ധനവില വര്‍ധിക്കുന്നതില്‍ പ്രധാന ഘടകം.

ഇന്ധനവില വര്‍ധിപ്പിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്സിനും വേണ്ടിയാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ പ്രസ്താവന ശുദ്ധ നുണയാണ്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന നികുതിയും കൊവിഡ് വാക്സിനും ചെലവാക്കുന്ന തുകയും തമ്മില്‍ താരതമ്യം ചെയ്താല്‍ അത് വ്യക്തമാകുമെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകണം. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇടതുസര്‍ക്കാരിനും കേരള മുഖ്യമന്ത്രിക്കുമില്ല. ഇന്ധനവില വര്‍ധനവിനെതിരായ ജനവികാരം പ്രതിഷേധമായി ഉയര്‍ത്തിക്കാട്ടാനാണ് ഇത്തരം ഒരു സമരം രാജ്ഭവന് മുന്നില്‍ സംഘടിപ്പിക്കുന്നതെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷ ധര്‍മ്മമാണ് ഈസമരത്തില്‍ പ്രതിഫലിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.