സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെയും ബിജു മേനോന്റെയും പൃഥ്വിരാജിന്റെയും മത്സരിച്ചുള്ള അഭിനയം ആരാധകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ അഭിനയത്തിന് അപ്പുറം ബിജു മേനോന്‍ എന്ന മനുഷ്യനില്‍ തന്നെ ഏറ്റവും സ്വാധീനിച്ച ക്വാളിറ്റിയെപ്പറ്റി തുറന്നു പറയുകയാണ് പൃഥ്വിരാജ്. ക്ലബ്ബ് എഫ്.എമ്മിലെ സ്റ്റാര്‍ ജാം പരിപാടിക്കിടെയായിരുന്നു ഇത്.

‘ബിജു ചേട്ടനില്‍ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ക്വാളിറ്റി കണ്ടന്‍മെന്റാണ്. വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കില്‍ ഒരു മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നതാണിത്. അതായത് നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്.

ഒരിക്കലും മനുഷ്യന് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്. ഇപ്പോള്‍ നമുക്ക് ഒരു കാറുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലൊരു കാര്‍ വേണമെന്ന് തോന്നും.

ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച്‌ മരിച്ചുപോകുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. നേരെ മറിച്ച്‌ ബിജു ചേട്ടന്‍ ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സെന്‍ ലൈക്ക് ക്വാളിറ്റിയാണ് അത്,’ പൃഥ്വിരാജ് പറയുന്നു.