പാരിസ് : പൊതുജനങ്ങളുമായി സംവദിക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച്‌ യുവാവ്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ചൊവ്വാഴ്ച വിദ്യാര്‍ത്ഥികളുമായും റെസ്റ്റോറന്റ് ഉടമകളുമായും കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു മാക്രോണ്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനിടെ ഒരു വേലിക്ക് അരികില്‍ നില്‍ക്കുന്നവരിലേക്ക് എത്തിയ മാക്രോണിന് നേരേ കൂട്ടത്തില്‍ ഒരാള്‍ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ഇയാള്‍ മാക്രോണിന്റെ കവിളത്ത് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

മാക്രോണിന് നേരെ നടന്ന ആക്രമണം ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്നാണ് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അടുത്തകാലത്തായി മതാചാരങ്ങളുമായി ബന്ധപ്പെട്ട് കര്‍ശനനിലപാടിന്റെ പേരില്‍ മാക്രോണിന് നേരെ പല വിഭാഗങ്ങളില്‍ നിന്നും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെയും മാക്രോണിന് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു.

കൊവിഡിനു ശേഷം ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച്‌ നേരിട്ട് ചോദിച്ചു മനസിലാക്കാനായിരുന്നു പര്യടനം.