ക്ലബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി ആള്‍മാറാട്ടം നടത്തിയ സൂരജ് നായര്‍ എന്ന വ്യക്തിക്കെതിരെ നടന്‍ പൃഥ്വിരാജ്. തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച്‌ സംസാരിക്കുന്ന വ്യക്തിയുടെ വിശദവിവരങ്ങളടക്കം പങ്കു വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

ഇപ്പോഴിതാ, ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പൃഥ്വിയോട് ക്ഷമ പറഞ്ഞ് രംഗത്തെത്തിയിക്കുകയാണ് മഹാനായ സൂരജ് നായര്‍. സൂരജിന്റെ ക്ഷമ ചോദിച്ചുള്ള ഇന്‍സ്റ്റഗ്രാം കുറിപ്പ് ഷെയര്‍ ചെയ്ത് സൂരജിനോട് സാരമില്ലെന്നും ആവര്‍ത്തിക്കരുതെന്നും പൃഥ്വിയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്ന് താരം വീണ്ടും ആവര്‍ത്തിച്ചു. സൂരജ് എന്ന യുവാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് പൃഥ്വിയുടെ പേരിലുള്ള ഐഡിയില്‍ നിന്ന് ക്ലബ് ഹൗസില്‍ ചില ഇടപെടലുകള്‍‌ ഉണ്ടായത്. മിമിക്രിക്കാരനായ സൂരജ് എന്ന യുവാവ് പൃഥ്വിയുടെ ശബ്ദത്തില്‍ മിമിക്രി ചെയ്ത് ക്ലബ് ഹൗസ് മീറ്റിങ് നടത്തിയിരുന്നു. പലരും ഇത് യഥാര്‍ഥത്തില്‍ പൃഥ്വിരാജ് തന്നെയാണെന്ന് വിചാരിച്ചു.

സൂരജിന്റെ വിശദീകരണം ഇങ്ങനെ:

പ്രിയപ്പെട്ട രാജുവേട്ടാ…

ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകന്‍ ആണ്. ക്ലബ് ഹൗസ് എന്ന പുതിയ പ്ലാറ്റ്ഫോമില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതില്‍ പേരും ,യൂസര്‍ ഐഡി യും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോള്‍ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു. ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല..

 

 

ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റര്‍സ് ഉദ്ദേശിച്ചിരുന്നത്..അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ,അത് ഇത്രയും കൂടുതല്‍ പ്രശ്നം ആകുമെന്നോ ഞാന്‍ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു…

പേര് മാറ്റാന്‍ സാധിക്കില്ല എന്ന അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ക്ലബ് ഹൗസ് ബയോയില്‍ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇന്‍സ്റ്റാഗ്രാമും ഉണ്ട്.. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുന്‍പ് വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാല്‍, ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‌തത്‌ തെറ്റു തന്നെ ആണ്.. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് ! ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാന്‍ ക്ഷമ അറിയിക്കുന്നു..

എന്ന്, ഒരു പൃഥ്വിരാജ് ആരാധകന്‍