ന്യുഡല്‍ഹി: കനേഡിയന്‍ പഞ്ചാബി ഗായകന്‍ ജാസി ബി അടക്കം നാല് പേരുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. കേന്ദ്ര കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ജാസി ബി നിരവധി ട്വിറ്റുകള്‍ ഇട്ടിരുന്നു.

ഇവയുടെ ഐ.പി അഡ്രസ് ഇന്ത്യയ്ക്ക് പുറത്തായതിനാലാണ് നടപടി സ്വീകരിക്കാന്‍ കേന്ദ്രം ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും കര്‍ഷക സമരത്തെ പിന്തുണച്ചും പോസ്റ്റുകളിട്ട നാല് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

അതിനിടെ, വാട്‌സ്‌ആപ് സ്റ്റാറ്റസിന്റെ പേരില്‍ ജമ്മു കശ്മീരില്‍ ഒരു റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തു. 2006ലുണ്ടായ ബോട്ട് ദുരന്തത്തില്‍ 20 സ്‌കൂള്‍ കുട്ടികള്‍ മരിച്ചതിന്റെ 15ാം വാര്‍ഷികത്തിലാണ് സഞ്ജയ് റെയ്‌ന (23) എന്ന റിപ്പോര്‍ട്ടര്‍ സ്റ്റാറ്റസിട്ടത്. ബന്ദിപോറയിലെ ഒരു പ്രദേശിക വാര്‍ത്ത ഏജന്‍സിയില്‍ റിപ്പോര്‍ട്ടറാണന് സഞ്ജയ് റെയ്‌ന.

സഞ്ജയ് റെയ്‌ന പങ്കുവച്ച സ്റ്റാറ്റസ് സമാധാന അന്തരീഷക്ഷം തകര്‍ക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഭയവും സംഘര്‍ഷവും സൃഷ്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ്. കേസ് ഒരിക്കലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരല്ലെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള അനുസ്മരണമായാണ് സ്റ്റാറ്റസിട്ടതെന്നും കേസ് പിന്‍വലിക്കണമെന്നും സഞ്ജയ് റെയ്‌ന ആവശ്യപ്പെട്ടു.

പോലീസ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വാട്‌സ് ആപ് സ്റ്റാറ്റസ് റെയ്‌ന തന്നെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിനകം തന്നെ രണ്ടു തവണ റെയ്‌നയെ പോലീസ് ചോദ്യം ചെയ്തു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതു മുതല്‍ മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയും കയ്യേറ്റവും മര്‍ദ്ദനവും പതിവാണ്.