പലസ്തീൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘർഷങ്ങൾ ഉട
ൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.

ഹമാസും മറ്റ് ഗ്രൂപ്പുകളും നടത്തിയ ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിലെ ജനതയെ സംരക്ഷിക്കാൻ സഹായങ്ങൾ ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. രാജ്യത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ഈജിപ്ത്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുമായും പലസ്തീൻ ഉദ്യോഗസ്ഥരുമായും അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടലുകളെ കുറിച്ചും ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ എന്നിവരുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താനും തീരുമാനമായി. ജറുസലേമിലെ ആക്രമണങ്ങളെ കുറിച്ച് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നെതന്യാഹു നടത്തിയ സംഭാഷണത്തിൽ പരാമർശിച്ചു.

അതേസമയം 16 കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 65 ആയി ഉയർന്നു. ടെൽഅവീവിൽ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ അഞ്ച് വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു. 20 ഇസ്രയേൽ പൗരന്മാർക്കും പരുക്കേറ്റു.