ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ‘ഇന്ത്യൻ വേരിയന്റ്’ എന്ന വൈറസ് വിഭാഗമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബി.1.617 എന്ന വകഭേദത്തിന് കൊറോണ വൈറസ് ഇന്ത്യൻ വകഭേദമെന്ന് ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യൻ വേരിയെന്റ് എന്ന് ഒരിടത്തും പറയുന്നില്ലെന്നും ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബി.1.617 വകഭേദം കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയെ കൂടാതെ 40 രാജ്യങ്ങളിലും ബി.1.617 വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. അതി തീവ്രവ്യാപനവും പ്രതിരോധശേഷിയുമുള്ള വൈറസ് വകഭേദമാണ് ബി.1.617.