ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരുന്ന് ലഭിച്ചത് കേരളത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.

”കോവിഡ് ചികിത്സ രംഗത്ത് റെംഡെസിവിര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാനമനരുന്നാണ് ടോസിലിസുമാബ്. 45,000 വയല്‍ ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ ഏറ്റവുമധികം മരുന്ന് ലഭിച്ച മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം’അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ആഫോടെറിസിന്‍ ബി യുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇത് ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ക്യാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയില്‍ വീഴ്ചവരാതിരിക്കാനുള്ള വലിയ ഉദ്യമം ആറ്റമിക് എനര്‍ജി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ മെമ്മോറിയല്‍ സെന്‍ര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ ഈ സെന്ററുമായി ബന്ധപ്പെട്ട് മൂന്ന് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓക്‌സിജന്‍ കോണ്‍സെന്റേറ്റര്‍, എന്‍ 95 മാസ്‌ക് തുടങ്ങിയ കോവിഡ് പ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും സെന്റര്‍ ഏകോപിപ്പിച്ച്‌ നല്‍കുന്നു.

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 3,55,338 പേര്‍ ഡിസ്ചാര്‍ജ് ആയി. ഇതോടെ ആകെ ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍

മഹാരാഷ്ട്ര- 40,956
കര്‍ണാടക-39,510
കേരളം- 37,290
തമിഴ്‌നാട്-29,272
ഉത്തര്‍പ്രദേശ്-20,445

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 3.48 ലക്ഷം കേസുകളില്‍ 48.06 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നു മാത്രം 11.75 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. 793 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. കര്‍ണാടകയില്‍ ഇന്നലെ 480 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.