കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാണി സി കാപ്പന്‍ മുംബൈയിലേക്ക് പോയത് വഞ്ചനാകേസിലെ ജാമ്യം റദ്ദാക്കാതിരിക്കാനെന്ന് റിപോര്‍ടുകള്‍. മുംബൈ ബൊറിവിലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലെ വഞ്ചനാകേസില്‍ ജാമ്യത്തിലായിരുന്നു മാണി സി കാപ്പന്‍ എന്നും കഴിഞ്ഞ അവധികളില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ജാമ്യം റദ്ദായി ജയിലില്‍ പോകേണ്ടി വരുമോ എന്ന് ഭയന്നാണ് കാപ്പന്‍ മുംബൈയ്ക്ക് അടിയന്തരമായി പറന്നതെന്നുമാണ് പറയുന്നത്.

മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ തട്ടിപ്പു കേസില്‍ മാണി സി കാപ്പന്‍ ജാമ്യത്തിലാണ്. മൂന്നു കേസിലാണ് കാപ്പന് ബൊറിവിലി മെട്രോപൊളിറ്റന്‍ കോടതി ജാമ്യം നല്‍കിയിരുന്നത്.

കാപ്പന്‍ എത്തിയെങ്കിലും കേസ് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. അന്നേദിവസം കേസ് പരിഗണിക്കുമ്പോള്‍ കാപ്പന്‍ കോടതിയില്‍ ഹാജരാകണം. 2010 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ മലയാളിയായ വ്യവസായി ദിനേഷ് മേനോനോട് കാപ്പന്‍ വാങ്ങിയയെന്നും ഷെയര്‍ നല്‍കിയില്ലെന്നുമാണ് പരാതി.

ഇതോടെ ദിനേശ് മോനോന്‍ പണം തിരികെ ആവശ്യപ്പെട്ടു. കുറച്ചു തുക തിരികെ നല്‍കിയെങ്കിലും പിന്നീട് ബാക്കി തുക നല്‍കാന്‍ കാപ്പന്‍ തയ്യാറായില്ലെന്നും. ഇതിനിടെ നല്‍കിയ ചെക്കുകളും മടങ്ങി. ഇതോടെയാണ് കേസിലേക്ക് നീങ്ങിയതെന്നുമാണ് ആരോപണം.