അമ്ബതുകൊല്ലത്തിലേറെ നീണ്ട കുടുംബ വാഴ്​ച അവസാനിപ്പിക്കാന്‍ 18 മാസ​ത്തെ അധ്വാനം മാത്രം മതിയെന്നു തെളിയിച്ച്‌​ മാണി സി. കാപ്പന്‍ വീണ്ടും പാലായുടെ എം.എല്‍.എയായി. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിലും 13000ത്തിലേറെ വോട്ടിന്‍റെ അമ്ബരപ്പിക്കുന്ന വിജയമാണ്​ കാപ്പന്‍ സ്വന്തമാക്കിയത്​. കെ.എം. മാണിയുടെ മകന്‍ എന്ന ലേബലില്‍ എത്തിയ ജോസ്​ കെ. മാണിയെ അട്ടിമറിച്ചാണ്​ വിജയമെന്നത്​ നേട്ടത്തി​െന്‍റ മാറ്റുകൂട്ടുന്നു. സിറ്റിങ്​ സീറ്റ്​ നിലനിര്‍ത്തുന്നതിന്​ അട്ടിമറിയെന്ന്​ വിശേഷിപ്പിക്കാവുന്ന ഏക വിജയവും മാണി സി. കാപ്പ​െന്‍റയാണ്​.

പ്രധാന സ്​ഥാനാര്‍ത്ഥികളായ മാണി സി. കാപ്പനും ജോസ്​ കെ. മാണിയും മുന്നണി മാറിയാണ്​ മത്സരിച്ചതെങ്കിലും അതി​െന്‍റ ദോഷം ഏറെ അനുഭവിക്കേണ്ടി വന്നത്​ ജോസ്​ കെ. മാണിക്കാണെന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം കാണിക്കുന്നത്​. 18 മാസം മുമ്ബുയര്‍ന്ന കോഴ മാണിയെന്ന ആര്‍പ്പുവിളി പൊടുന്നനെ സഖാവ്​ മാണിയെന്നാക്കിയതിലുള്ള അമര്‍ഷം ഇടതുപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. പതിനയ്യായിരം വോട്ടി​െന്‍റ ഭൂരിപക്ഷത്തിന്​ വിജയിക്കുമെന്ന്​ മാണി സി. കാപ്പന്‍ വോ​ട്ടെണ്ണലി​െന്‍റ തലേന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയത്തില്‍ അദ്ദേഹത്തിന്​ ഒരു സമയത്തും സംശയമുണ്ടായിരുന്നില്ല. പാലായി​ല്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്​ പാലാക്കാര്‍ അംഗീകാരം നല്‍കുമെന്നായിരുന്നു ഉറച്ച വിശ്വാസം.

ജോസ്​ കെ. മാണിയെ മാത്രം ലക്ഷ്യമിട്ട്​ നടത്തിയ തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ ബി.ജെ.പി, സി.പി.എം പാര്‍ട്ടികളെ കുറ്റപ്പെടുത്താതിരിക്കാന്‍ കാപ്പന്‍ പക്ഷം തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രത്യക്ഷമല്ലെങ്കിലും സ്​ഥാനാര്‍ഥികളെ ചൊല്ലി അസ്വാരസ്യമുണ്ടായ ഈ പാര്‍ട്ടികളില്‍ നിന്ന്​ ചോര്‍ന്നു കിട്ടാവുന്ന വോട്ടായിരുന്നു ലക്ഷ്യം. എസ്​.എന്‍.ഡി.പി, എന്‍.എസ്​.എസ്​ വോട്ടുകളിലെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ടെന്നാണ്​ അവരുടെ അവകാശവാദം. ആകെ പോള്‍ ചെയ്​തതില്‍ പകുതി വോട്ടും തങ്ങള്‍ക്കാ​െണന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, രാഷ്​ട്രീയ ഭാവിതന്നെ അനിശ്​ചിതത്വത്തിലാക്കിയ തോല്‍വിയാണ്​ ജോസ്​ കെ. മാണിക്ക്​ നേരിടേണ്ടി വന്നിരിക്കുന്നത്​. പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തില്‍ കോടതികളിലും തെരഞ്ഞെടുപ്പ്​ കമീഷനിലും വിജയിച്ച ജോസ്​ കെ. മാണിക്ക്​ ജനകീയ കോടതിയില്‍ വിജയിക്കാനായില്ലെന്നത്​ ചെറിയ ആഘാതമല്ല നല്‍കുന്നത്​. പിതാവായ കെ. എം. മാണിയെ കോഴമാണിയെന്ന്​ വിശേഷിപ്പിച്ചവരോട്​ തോള്‍ചേര്‍ന്ന്​ അധികാരത്തിനായി നടത്തിയ നാടകങ്ങള്‍ക്ക്​ ജനങ്ങള്‍ പിന്തുണ നല്‍കിയില്ല എന്നതാണ്​ ഫലം തെളിയിക്കുന്നത്. ആരെയും നോവിക്കാതെ, ഒരു വോട്ടുപോലും പാഴാക്കാതെയിരിക്കാന്‍ മാണി സി. കാപ്പനും ജോസ്​ കെ. മാണിയും സദാ ശ്രദ്ധിച്ചിരുന്നു. തീപാറ​ും പോരാട്ടത്തില്‍ വോട്ടിങ്​ ശതമാനം 2019 ലെ 70.97 ല്‍ നിന്ന്​ 72.51 ആയി വര്‍ധിച്ചു. 2016ല്‍ 77.61 ശതമാനമായിരുന്നു പോളിങ്​.