തന്റെ അഭിപ്രായത്തിനെതിരായി മെഡിക്കല്‍ ഉപകരണങ്ങള്‍ യൂറോപ്പില്‍ നിന്നിറക്കുമതി ചെയ്യുന്നതിന് പകരം കുറഞ്ഞ വിലയില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതിന് ഉന്നത ഉദ്യോഗസ്ഥനെ വധിച്ച്‌ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. 50 വയസ്സിനുമേല്‍ പ്രായമുള്ള വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് വധിയ്ക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു വലിയ ജനാവലിയെ സാക്ഷിയാക്കി പ്യോങ്‌യാങ് ജനറല്‍ ആശുപത്രിയ്ക്ക് കിം ജോങ് ഉന്‍ തറക്കല്ലിട്ടിരുന്നു. 6 മാസത്തിനകത്തു പണിപൂര്‍ത്തിയാക്കണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പാര്‍ട്ടി സ്ഥാപിതമായതിന്റെ 75 ആം വാര്‍ഷികമായ ഒക്ടോബര്‍ 10, 2020 ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദ്ദേശം. എന്നാല്‍ ആശുപത്രിയുടെ കെട്ടിടം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും അടിസ്ഥാനമായി ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും സജ്ജീകരിച്ചിരുന്നില്ല. ഇവയെല്ലാം യൂറോപ്പില്‍ നിന്നും വരുത്താനാണ് കിങ് ജോങ് ഉന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉത്തരകൊറിയയിലേയ്ക്ക് സാമഗ്രികള്‍ ഇറക്കുമതി ചെയ്യാന്‍ യൂറോപ്പില്‍ നിന്നും അനുമതി കിട്ടുന്നത് പ്രയാസമായതിനാല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്പ് നിര്‍മ്മിതമായ ഉപകരണങ്ങളുടെ ഗുണനിലവാരം ചൈനയില്‍ നിന്ന് ലഭിക്കില്ല എന്നാണ് പ്രസിഡന്റ് വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച ആ ഉന്നത ഉദ്യോഗസ്ഥനെ വധിക്കാന്‍ ഉത്തരവിടുകയായിരുന്നു എന്നാണു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.