എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി വിപുലമായ പരിശോധനാ ക്യാമ്ബുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ദിനംപ്രതി ആയിരത്തിലധികം കേസുകളാണ് ജില്ലയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ജില്ലയില്‍ പതിനായിരം കടന്നു. 10138 പേരാണ് പോസിറ്റീവായി ചികിത്സയിലുളളത്. രോഗികളില്‍ 90 ശതമാനവും സമ്ബര്‍ക്കം വ‍ഴി പിടിപ്പെട്ടവരാണ്.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനശേഷി വര്‍ദ്ധിച്ചതോടെ ജില്ലയില്‍ പ്രത്യേക പരിശോധനാ ക്യമ്ബയിനും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ 31000 കൊവിഡ് പരിശോധനകള്‍ ലക്ഷമിട്ടുള്ള പ്രത്യേക ക്യാമ്ബയിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്ബുകള്‍ സംഘടിപ്പിച്ചു.
ആദ്യ ദിനം 15000 ത്തില്‍ അധികം പരിശോധനകളാണ് നടത്തിയത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും സജ്ജമാണ്. ജില്ലയില്‍ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ടയ്ന്മെന്‍റ് സോണുകള്‍, ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയരാക്കും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ക്വാഡ് വര്‍ക്കിന് ഇറങ്ങിയവര്‍, പോളിംഗ് ഏജന്‍റുമാര്‍, സ്ലിപ്പ് വിതരണത്തിനിറങ്ങിയവര്‍ എന്നിങ്ങനെ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ പ്രത്യേകം കണ്ടെത്തിയാണ് പരിശോധന.