നടപ്പിലും എടുപ്പിലും ഒരു പട്ടാളക്കാരന്റെ എല്ലാ ഭാവങ്ങളും പെരുമാറ്റവുമുള്ള നടനായിരുന്നു ജോസ് പ്രകാശ്. മലയാള സിനിമയില്‍ അഞ്ചു പതിറ്റാണ്ട് കാലം നായകനായും വില്ലനായുമെല്ലാം നിറഞ്ഞു നിന്ന ചങ്ങനാശേരിക്കാരന്‍ കുന്നേല്‍ ബേബി ജോസഫ് എന്ന ജോസ് പ്രകാശിന്റെ ജന്മവാര്‍ഷിക ദിനമാണിന്ന്.

1925 ഏപ്രില്‍ 14നാണ് ജോസ് പ്രകാശിന്റെ ജനനം. കുന്നേല്‍ ബേബി ജോസഫ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. 2012ല്‍ 86ാം വയസ്സിലാണ് മലയാളികളുടെ പ്രിയപ്പെട്ട വില്ലന്‍ അരങ്ങൊഴിയുന്നത്. 1953ല്‍ പുറത്തിറങ്ങിയ തിക്കുറിശ്ശിയുടെ ആദ്യ സംവിധാന സംരഭമായ ശരിയോ തെറ്റോ എന്നാ സിനിമയില്‍ ഗായകന്‍ ആയിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെറിയവേഷത്തിലും ജോസ് പ്രകാശ് അഭിനയിച്ചു. ശശികുമാര്‍ സംവിധാനം ചെയ്‌ത ‘1968 ല്‍ പുറത്തിറങ്ങിയ ലവ് ഇന്‍ കേരളയിലെ വില്ലന്‍ വേഷമാണ് അഭിനയ ജീവിതത്തില്‍ വഴിത്തിരവായത്. നാടകത്തിനും സിനിമയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച്‌ 2011-ലെ ജെ.സി. ദാനിയേല്‍ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പട്ടിണിപ്പാവങ്ങള്‍, പോലീസ് സ്റ്റേഷന്‍, സാത്താന്‍ ഉറങ്ങുന്നില്ല, രണ്ടു തെണ്ടികള്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കോട്ടും സ്യൂട്ടും ധരിച്ച്‌ ചുണ്ടില്‍ എരിയുന്ന പൈപ്പുമായി നായകനെ വിറപ്പിച്ച വില്ലനും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും മലയാളികള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. വില്ലനായും സഹനടനായും നായകനായും ജോസ് പ്രകാശ് തിളങ്ങി നിന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ക്കു വരെ അദ്ദേഹത്തിന്റെ ഡയലോഗുകള്‍ കാണാപാഠമാണ്. ‘ജോസ് പ്രകാശിന്റെ കൊള്ള സങ്കേതം’, മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുമ്ബോഴുള്ള സംഭാഷണം, എന്നിവയെല്ലാം ട്രോളന്മാരുടേയും യുവാക്കളുടേയും കുട്ടികളുടേയുമെല്ലാം ഇഷ്ട വിഷയമാണ്. 1979ല്‍ പുറത്തിറങ്ങിയ ‘വിജയനും വീരനും’ എന്ന ചിത്രത്തിലെ ജോസ് പ്രകാശ് പറയുന്ന ‘ഹലോ മിസ്റ്റര്‍ പെരേര.. എന്ന ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല.

നാടകത്തിലും സിനിമയിലും സജീവമാകുന്നതിനു മുമ്ബ് പട്ടാളത്തിലായിരുന്നു ജോസ്പ്രകാശ്. 1942-ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ലാന്‍സ് നായിക് ആയി ചേര്‍ന്നു. പട്ടാളക്കാരനായി ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. സിങ്കപ്പൂര്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു.

പാട്ടുകാരനാകാന്‍ മോഹിച്ച്‌ സിനിമയിലെത്തിയ ജോസ് പ്രകാശിന് മലയാള സിനിമ കാത്തുവെച്ചത് നിത്യഹരിത വില്ലന്‍ എന്ന പട്ടമായിരുന്നു. അമ്ബതിലേറെ വര്‍ഷക്കാലത്തെ സിനിമാ ജീവിതത്തില്‍ മുന്നൂറ്റിയമ്ബതിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1953 തുടങ്ങിയ സിനിമാ ജീവിതം അവസാനിക്കുന്നത് 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ്.

“നിങ്ങള്‍ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരൊറ്റ യെസ് ചിലപ്പോള്‍ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേര്‍ക്ക് യെസ് പറയാന്‍ ധൈര്യം പകരുന്ന ചരിത്രം.” ട്രാഫിക്കിലെ ഈ ഡയലോഗ് പോലും പിന്നീട് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറി