ഓക്‌ലഹോമ∙ ഏപ്രിൽ ആറു മുതൽ ഓക്‌ലഹോമ സിറ്റി പബ്ലിക് സ്കൂളുകളിൽ വിദ്യാർഥികൾക്ക് നേരിട്ടെത്തിപഠനം തുടരാമെന്ന് സൂപ്രണ്ട് ഡോസിൽ മെക്ക് ദാനിയേൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നാലു ദിവസമാണ് ആഴ്ചയിൽ ക്ലാസ് ഉണ്ടായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 13 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും, കുട്ടികൾ നേരിട്ട് ഹാജരായിരുന്നില്ല. സ്കൂൾ ജില്ല ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് സാഹചര്യമൊരുക്കിയത് മാതാപിതാക്കളുടേയും ജീവനക്കാരുടേയും നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ കുട്ടികളിൽ പാൻഡമിക്കിന്റെ തോത് വളരെ കുറവാണെന്നതും, കുട്ടികളിൽ നിന്നും വൈറസ് പകരുന്നതിന് സാധ്യത വളരെ വിരളമായതിനാലുമാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

കുട്ടികൾക്കു സ്കൂളുകളിൽ നേരിട്ട് ഹാജരാകാൻ തടസ്സമുണ്ടെങ്കിൽ ഈ അധ്യായന വർഷാവസാനം വരെ വെർച്ച്വൽ ആയി പഠനം തുടരുന്നതിനും അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.