തിരുവനന്തപുരം: കേരളത്തിന്റെ വടക്കേ അറ്റംമുതല്‍ തെക്കേയറ്റംവരെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കോഴിക്കോടും തിരുവനന്തപുരം നേമത്തുമാണ് രാഹുല്‍ ഗാന്ധി ഇന്ന് റോഡ് ഷോ നടത്തിയത്. ഹെലികോപ്റ്ററില്‍ എത്തിയ രാഹുല്‍ ഗാന്ധി ഹെലിപാഡില്‍ നിന്ന് നേരെ ഓട്ടോറിക്ഷയില്‍ കയറി സ്‌റ്റേജിലേക്കെത്തിയത് ശ്രദ്ധേയമായി. കല്‍പ്പറ്റയിലെ ഷെരീഫ് എന്നയാളിന്റെ ഓട്ടോറിക്ഷയില്‍ കയറി അകമ്ബടിവാഹനങ്ങളുടെ നടുവിലൂടെ രാഹുല്‍ സഞ്ചരിക്കുന്ന കാഴ്ച്ച നഗരത്തിനാകെ കൗതുകമാകുകയായിരുന്നു.

എന്നാല്‍ ഓട്ടോറിക്ഷാ സഞ്ചാരത്തിനിടക്ക് രാഹുല്‍ ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിലെത്തി ഷെരീഫിനോട് കുശലം ചോദിക്കുകയും ചെയ്തു. ഇന്ധനവില വര്‍ധനവിനേയും വരുമാനത്തെയും കുറിച്ച്‌ രണ്ട് മിനിറ്റിലേറെ ഷെരീഫിനോട് സംസാരിച്ച രാഹുല്‍ കൈകൊടുത്താണ് ഒടുവില്‍ പിരിഞ്ഞത്. കെസി വേണുഗോപാല്‍, ടി സിദ്ധിഖ് എന്നിവരും രാഹുലിനൊപ്പം ഓട്ടോയില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നത് കെ മുരളീധരന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഗാന്ധി നേമത്തെ വേദിയില്‍ പറഞ്ഞു. കേരളമെന്ന ആശയത്തെയാ്ണ് മുരളീധരന്‍ പ്രതിനിധീകരിക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് മുരളീധരന്റെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു.

‘ഞാന്‍ നിങ്ങളോട് ആവേശകരമായ ഒരു കാര്യം പറയട്ടെ. അദ്ദേഹം ഇപ്പോള്‍ത്തന്നെ ഒരു തെരഞ്ഞെടുപ്പ് വിജയിച്ചതേയുള്ളു. ആരുടെയൊക്കെ പ്രചരണത്തിന് പോകണമെന്ന ലിസ്റ്റ് എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞത്, ഒരാളുണ്ട്, അയാളുടെ പ്രചരണത്തിന് ഞാന്‍ പോയിരിക്കും എന്നാണ്. അത് ഈ മനുഷ്യന് വേണ്ടിയാണ്. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അദ്ദേഹം കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല. അദ്ദേഹം കേരളമെന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു രോഗിയെ രക്ഷിക്കാന്‍ പോകുന്ന നേഴ്‌സിന്റെ ചിന്താഗതിയുള്ള ആളാണ് ഇദ്ദേഹം. മറ്റൊരു മനുഷ്യന്റെ വേദന മനസിലാക്കാന്‍ കഴിയുന്ന ചിന്താഗതിയുള്ള ആള്‍. അതുകൊണ്ടാണ് ഇതൊരു ധാര്‍മ്മികതയാണെന്ന് പറയുന്നത്. മറ്റ് മനുഷ്യരുടെ വേദന മനസിലാക്കുക എന്നാണ് എല്ലാ മതങ്ങളും പറയുന്നത്. അദ്ദേഹം രണ്ട് രാഷ്ട്രീയ സംഘടനകളെയല്ല എതിര്‍ക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് അദ്ദേഹത്തിന്റെ പോരാട്ടം. കേരളത്തില്‍ അദ്ദേഹം ഒരിക്കലും പരാജയപ്പെടാന്‍ പോവുന്നില്ല’, രാഹുല്‍ വ്യക്തമാക്കി.

പ്രസംഗത്തിലുടനീളം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ജനങ്ങളെ വിഭജിക്കുന്നതിലും വിദ്വേഷം പടര്‍ത്തുന്നതിലും ഇരു സര്‍ക്കാരുകളും പാര്‍ട്ടികളും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ബിജെപിയും ആര്‍എസ്‌എസും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ നേമത്തെത്തിയത്. രാഹുലിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന യോഗമായിരുന്നു നേമത്തേത്.