തായ്പേയ്: കിഴക്കന്‍ തായ്‌വാനിലെ ഹുലിയാനിലുള്ള തുരങ്കത്തില്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 54ഓളം പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം സംഭവവിച്ചവരില്‍ കൂടുതല്‍ പേര്‍ അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. അപകടം സംഭവിച്ചവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 40 വര്‍ഷത്തിനിടെ ദ്വീപിലുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇപ്പോള്‍ നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇനിയും പരിക്കേറ്റവര്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും അവര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള ചികിത്സ ഉറപ്പാക്കാന്‍ പ്രദേശത്തെ ആശുപത്രികളോട് ആവശ്യപ്പെട്ടാതായും അധികൃതര്‍ വ്യത്കമാക്കി. കമ്ബാര്‍ട്ടുമെന്‍റുകളുടെ വാതില്‍ തകര്‍ത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.പാളത്തില്‍ നിന്ന് അകന്നുമാറിയ നാലു കമ്ബാര്‍ട്ടുമെന്‍റുകള്‍ ടണലില്‍ കുടുങ്ങി കിടക്കുകയാണ്.

ഹുലിയാനില്‍ പ്രാദേശിക സമയം രാവിലെ 9.28നാണ് അപകടമുണ്ടായത്. 490 യാത്രക്കാരുമായി തയ്തങ്ങിലേക്ക് പോകവെ ടണലിന് സമീപത്ത് വെച്ച്‌ ട്രക്കില്‍ ഇടിച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. നിലവില്‍ 350 പേരെയെ അനുവദിക്കാവൂ എന്ന നിയമം നിലനില്‍ക്കുന്നുണ്ട്.

അറ്റകുറ്റപ്പണി നടത്തുന്ന എന്‍ജിനീയറിങ് ടീമിന്‍റെ ട്രക്കില്‍ ട്രെയിന്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി തായ് വാന്‍ റെയില്‍വേ അറിയിച്ചു. കൂടാതെ റെയില്‍ പാളത്തിലുള്ള ചരിവില്‍ ഹാന്‍ഡ്ബ്രേക്ക് ഉപയോഗിച്ചാണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ കൃത്യസമയത്ത് ഹാന്‍ഡ്ബ്രോക്ക് പ്രവര്‍ത്തിക്കാഞ്ഞതാണ് അപകടത്തിന് കാരണമെന്നും പറയുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ട്രെയിന്‍ പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്റെ ബോഗി തെന്നിമാറിയതിന്റെ ചിത്രങ്ങള്‍ അഗ്നിശമനാസേന പുറത്തുവിട്ടിട്ടുണ്ട്.

ടണലിലേക്ക് ട്രെയില്‍ കയറി തൊട്ടുപിന്നാലെ വലിയശബ്ദം കേട്ടു. അടുത്തുനിന്ന യാത്രക്കാര്‍ പരസ്പരം മുകളിലേക്ക് വീണു- അപകടത്തില്‍ നിന്നും രക്ഷപെട്ട യാത്രക്കാരി പറഞ്ഞു.

ട്രെയിന്‍ യാത്രക്കാരെയും ജീവനക്കാരെയും രക്ഷപെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ദ്വീപ് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

19ാം നൂറ്റാണ്ടിന്റെഅവസാനത്തിലാണ് ദ്വീപില്‍ റെയില്‍വേ ശൃഖലയുടെ നിര്‍മ്മാണം തുടങ്ങിയത്. ചെറുതും വലുതുമായ പല അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 1991ല്‍ മിയാവോലിയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30ഓളം പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2018ല്‍ കിഴക്കന്‍ തായ്‌വാനിലെ യിലാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 18 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെല്ലുവിളികള്‍ ഏറെ

ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതുകാരണം ബോഗികളുടെ വാതില്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകളോളം കാത്തുകിടന്നതിന് ശേഷമാണ് യാത്രക്കാര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞത്. ചില യാത്രക്കാര്‍ തങ്ങളുടെ ലഗേജുകള്‍ കൊണ്ട് ജനാലതകര്‍ത്ത് പുറത്തുവരാന്‍ ശ്രമം നടത്തിയിരുന്നു. ചിലര്‍ ട്രെയിന് മുകളിലൂടെ കയറി ടണലിന് വെളിയില്‍ എത്തുന്നതിന്റെ ചിത്രങ്ങളും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. കൂടാതെ തായ്പോയ്, ന്യൂ തായ്പോയ് തുടങ്ങിയ വലിയ നഗരങ്ങളില്‍ നിന്ന് അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ രണ്ട് പ്രധാന ഹൈവേകള്‍ മാത്രമാണ് ഉള്ളത്. തിരക്ക് ആരംഭിക്കുന്ന സമയമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സിനും എത്താന്‍ ഏറെസമയം വേണ്ടിവന്നു. അത് രക്ഷാപ്രവര്‍ത്തനത്തെ ഭാഗീകമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.