ഷിക്കാഗോ ∙ എഴുത്തച്ഛൻ പുരസ്കാര ജേതാവ് പോൾ സക്കറിയായെ ലാനാ ആദരിക്കുന്നു. 20 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30) സൂമിലൂടെയാണ് യോഗം. ലാനാ പ്രസിഡൻ്റ് ജോസൻ ജോർജ് അധ്യക്ഷനാകും. ആദര സമർപ്പണം ഡോ. എം വി പിള്ള നിർവഹിക്കും. എഴുത്തുകാരായ എതിരവൻ കതിരവൻ, തമ്പി ആന്റണി, കെ വി പ്രവീൺ, കെ. നിർമ്മല, മീനു എലിസബത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. ലാനാ സെക്രട്ടറി എസ്. അനിലാൽ, വൈസ് പ്രസിഡൻ്റ് ജെയിൻ ജോസഫ്, ട്രഷറാർ കെ കെ ജോൺസൺ, ജോയിൻ്റ് സെക്രട്ടറി ജോർജ് നടവയൽ എന്നിവർ പരിപാടി ക്രമീകരിക്കും.

യോഗത്തിൽ, ലാനാ സെക്രട്ടറിയും എഴുത്തുകാരനുമായ എസ്. അനിലാലിന്റെ ‘സബ്രീന’ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്യും. ഡോ. എം. വി. പിള്ളയ്ക്ക് കഥാസമാഹാരം നൽകി, സക്കറിയാ പുസ്തക പ്രകാശനം നിർവഹിക്കും. ഷിജി അലക്സ് ഷിക്കാഗോയാണ് പുസ്തക പരിചയം നടത്തുന്നത്. പ്രവീൺ വൈശാഖൻ (ഐവറി ബുക്സ്), ആമി ലക്ഷ്മി, എം. പി. ഷീല, സാമുവേൽ യോഹന്നാൻ എന്നിവരും ലാനാ അംഗങ്ങളും എഴുത്തുകാരും ആശംസകൾ നേർന്ന് സംസാരിക്കും. ഗ്രന്ഥകർത്താവ് എസ്. അനിലാൽ നന്ദി പ്രകാശിപ്പിക്കും.