ന്യൂഡല്‍ഹി: ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും.തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സമരപന്തലുകളില്‍ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്.ഡിസംബറിലെയും ജനുവരിയിലെയും തണുപ്പില്‍ നൂറിലധികം കര്‍ഷകര്‍ സമരകേന്ദ്രങ്ങളില്‍ മരിച്ചു. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു.ഇപ്പോഴും സമരപന്തലുകള്‍ പഴയ ആവേശത്തില്‍ തന്നെയാണ്. മഹാപഞ്ചായത്തുകള്‍ വിളിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകര്‍ ഇപ്പോള്‍.
സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ദിവസമായ നാളെ മനേസര്‍ എക്സ്പ്രസ്പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും.