മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്. ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വേണം കാണാന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല’- ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം മുഖ്യമന്ത്രി രാജവെക്കണമെന്ന് പറഞ്ഞതിന്റെ കാര്യം, ഇത്തരം നടപടികളില്‍ മുഖ്യമന്ത്രി പങ്കാളി ആയതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നത്. ശിവശങ്കറായിരുന്നു സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്ത് നല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി