അഹമ്മദബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 205 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ നാലും അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ ക്രാവ്‌ലി ഒന്‍പത് റണ്‍സും സിബ്‌ലി രണ്ട് റണ്‍സും റൂട്ട് അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ റൂട്ടിനെ സിറാജ് വീഴ്‌ത്തി. അര്‍ധ സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സിനെ വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്.

 

 

സാക് ക്രാവ്‌ലി (9), ജോം സിബ്‌ലി (2), ജോണി ബെയര്‍സ്റ്റോ (28), ജോ റൂട്ട് (5), ബെന്‍ സ്റ്റോക്സ് (55), ഓലി പോപ് (29), ഡ്വെയ്ന്‍ ലോറന്‍സ് (46), ബെന്‍ ഫോക്സ് (1), ഡോം ബെസ് (3), ജാക് ലീച്ച്‌ (7), ജെയിംസ് ആന്‍ഡേഴ്സണ്‍ (10).

നാല് മത്സരങ്ങളുടെ പരമ്ബര 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച്‌ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

നെഞ്ചിടിപ്പ് ഓസ്ട്രേലിയയ്‌ക്കും

മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും ഓസ്‌ട്രേലിയയ്‌ക്കും നെഞ്ചിടിപ്പ് ഉണ്ടാകും. നാലാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയാല്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഓസ്ട്രേലിയയ്‌ക്ക് സാധിക്കും. അതിനാല്‍, നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പൂര്‍ണ പിന്തുണയും ഇംഗ്ലണ്ടിന് ലഭിക്കും. ആഷസ് പരമ്ബരയില്‍ അടക്കം ചിരവൈരികളായി ഏറ്റുമുട്ടുന്ന ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് പ്രവേശിക്കാന്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആക്കണം. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലന്‍ഡിനൊപ്പം ഓസ്ട്രേലിയ ഫൈനല്‍ കളിക്കുകയും ചെയ്യും. നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ജയിച്ചാലും ഇംഗ്ലണ്ടിന് ഫൈനല്‍ പ്രവേശനം സാധ്യമല്ല. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം മുടക്കി ഓസ്ട്രേലിയയ്‌ക്ക് അവസരം നല്‍കാന്‍ ഇംഗ്ലണ്ടിന് സാധിക്കും. അതിനാല്‍ തന്നെ അഹമ്മദാബാദില്‍ തീപാറും.