ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മ്മിത കൊറോണ വാക്‌സിന്റെ ആദ്യ ചരക്ക് കാനഡയിലെത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യ കാനഡയ്ക്ക് നല്‍കിയത്. കനേഡിയന്‍ മന്ത്രി അനിത ആനന്ദാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വാക്‌സിന്‍ കയറ്റി അയച്ചത്. ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ലക്ഷം വാക്‌സിന്‍ ഡോസുകളില്‍ ഇന്ന് രാവിലെ കാനഡയിലെത്തി. ഇനി 1.5 കൂടി എത്താനുണ്ട്. തുടര്‍ന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി അനിത ആനന്ദ് അറിയിച്ചു.

കൊറോണ പ്രതിരോധ വാക്സിന്‍ രാജ്യത്തിന് ലഭ്യമാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. 10 ലക്ഷം ഡോസാണ് കാനഡ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.