വയനാട്ടില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും രാജി തുടരുന്നു. മൂന്ന് ദിവസത്തിനിടെ നാല് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചപ്പോള്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി ദേശീയ വൈസ് പ്രസിഡന്റുമായ ഇ.എ.ശങ്കരന്‍ രാജി വെച്ച്‌ കോണ്‍ഗ്രസിലെത്തി. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിവിട്ട് വരുമെന്ന് ഇരുവിഭാഗങ്ങളും അവകാശപ്പെടുന്നുമുണ്ട്.

കെ.പി.സി.സി സെക്രട്ടറിയായ എം.എസ്. വിശ്വനാഥനാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. അവഹേളനം സഹിയ്ക്കാന്‍ സാധിയ്ക്കാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് എം.എസ്. വിശ്വനാഥന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ വിശ്വനാഥന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.

അതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇ.എ. ശങ്കരന്‍ സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയത്. ആദിവാസി ജനവിഭാഗത്തോട് സര്‍ക്കാര്‍ കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇ.എ. ശങ്കരന്‍ പറഞ്ഞു. സിപിഎമ്മിനോട് കടുത്ത വഞ്ചനയാണ് ശങ്കരന്‍ കാണിച്ചതെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു.

ഇ.എ. ശങ്കരനെ ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് ഐ.സി. ബാലകൃഷ്ണനും പ്രതികരിച്ചു. ആരു പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിയ്ക്കില്ല. പോയവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരിച്ചെത്തും. കോണ്‍ഗ്രസിനെ സ്നേഹിയ്ക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലേയ്ക്ക് വരുമെന്നും ഐസി ബാലകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. കോണ്‍ഗ്രസിലെ വാതിലുകള്‍ എപ്പോഴും തുറന്നു കിടക്കും. പാര്‍ട്ടിവിട്ടവരെ കുറിച്ച്‌ അണികള്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ പി.കെ. അനില്‍കുമാര്‍, കെ.കെ. വിശ്വനാഥന്‍, സുജയാ വേണുഗോപാല്‍ എന്നിവര്‍ രാജിവെച്ച്‌ എല്‍ഡിഎഫ് ഘടക കക്ഷികളില്‍ ചേര്‍ന്നിരുന്നു.