വാഷിംഗ്‌ടണ്‍: റഷ്യയ്‌ക്കെതിരെ ഉപരോധത്തിനൊരുങ്ങി യുഎസ്. റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ മുഖ്യ വിമര്‍ശകനുമായ അലക്‌സി നവല്‍നിയ്‌ക്കെതിരെയുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് യുഎസ് റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. നവല്‍നിക്ക് വിഷബാധയേറ്റതിനു പിന്നില്‍ റഷ്യയാണെന്നാണ് അനുമാനം. അതും ഇപ്പോള്‍ അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ജയില്‍ശിക്ഷയും പരിഗണിച്ചാണ് നടപടി.

കൂടാതെ, യുഎസ് ജനാധിത്യത്തിനുമേലുള്ള റഷ്യയുടെ ആക്രമണവും ഉപരോധ കാര്യത്തില്‍ പരിഗണിക്കും. റഷ്യയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ ഉപരോധം കൂടിയാകും ഇത്. ഉപരോധം എങ്ങനെ വേണമെന്ന് യൂറോപ്യന്‍ യൂണിയനുമായി ആലോചിച്ചശേഷമായിരിക്കും യുഎസ് അന്തിമ തീരുമാനം എടുക്കുക. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുടിനുമായി സൗഹൃദത്തിലായിരുന്നു. പലപ്പോഴും ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ട്രംപ് നിരാകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ റഷ്യയുടെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിരുന്നു. നവല്‍നിക്ക് വിഷബാധയേറ്റതില്‍ രാജ്യാന്തര അന്വേഷണം വേണമെന്നും അദ്ദേഹത്തെ ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിദഗ്ദ്ധര്‍ തിങ്കളാഴ്ച രാവിലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.