അവസാനവട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. 12 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. അന്തിമ സീറ്റു പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കി ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനായിരുന്നു നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ 12 സീറ്റുകള്‍ വേണമെന്ന ജോസഫ് പക്ഷത്തിന്റെ പിടിവാശിയും ഒന്‍പത് സീറ്റുകള്‍ക്കപ്പുറം സാധ്യമല്ലെന്ന കോണ്‍ഗ്രസ് നിലപാടും ചര്‍ച്ചകള്‍ നീണ്ടു പോകാന്‍ കാരണമായി.

യുഡിഎഫ് യോഗത്തിന് മുന്‍പ് ഇന്ന് വീണ്ടും ഇരുവിഭാഗങ്ങളും കൂടിക്കാഴ്ച നടത്തും. മൂവാറ്റുപുഴയും ചങ്ങനാശേരിയും വച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും തീരുമാനം ആയിട്ടില്ല. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസും ചങ്ങനാശേരിയില്‍ കേരള കോണ്‍ഗ്രസും തന്നെ മത്സരിക്കാനാണ് സാധ്യത.

കോട്ടയത്ത് നാല് സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്ന ജോസഫ് പക്ഷം, കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ നേരത്തെ മത്സരിച്ച അഞ്ച് സീറ്റുകളില്‍ ഒന്ന് വിട്ട് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. പക്ഷെ പകരം സീറ്റ് നല്‍കണം. പിടിവാശി ഉപേക്ഷിച്ചു 10 സീറ്റില്‍ വഴങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ജോസഫ് വിഭാഗം നിലപാടിലുറച്ച് നില്‍ക്കുകയാണ്.

കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂര്‍ തുടങ്ങി മൂന്നു സീറ്റുകള്‍ ലീഗിന് അധികമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്. ചില സീറ്റുകള്‍ വച്ചു മാറുന്നതില്‍ ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

ആര്‍എസ്പിക്ക് കഴിഞ്ഞ തവണത്തെ പോലെ അഞ്ചു സീറ്റുകള്‍ തന്നെ നല്‍കും. ആറ്റിങ്ങല്‍, കയ്പമംഗലം എന്നിവയ്ക്ക് പകരം സീറ്റുകളെന്ന ആവശ്യത്തില്‍ ധാരണയാവാനുണ്ട്. ജയസാധ്യതയുള്ള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുന്ന മാണി സി കാപ്പന് പാലായ്ക്ക് പുറമെ സീറ്റുകള്‍ നല്‍കുമോയെന്നതും ഇന്നറിയാം. അന്തിമ സീറ്റുപട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് നീക്കം.