തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിഷയം തന്നെ അറിയച്ചത്‌ സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ ജാക്‌സണ്‍ പൊള്ളയിലാണെന്ന്‌ വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഐശ്വര്യകേരള യാത്രക്കിടെയാണ്‌ ജാക്‌സണ്‍ ഇക്കാര്യം തന്നെ അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തങ്ങളുടെ 5000 കോടിയുടെ കരാര്‍ പൊളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആരെങ്കിലും തന്നെ വന്ന്‌ കാണുമോയെന്നും മുഖ്യമന്ത്രിക്ക്‌ തന്നോട്‌ അരിശമാണെനന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.

‘ഐശ്വര്യ കേരള യാത്രയിലെ ലിസണിങ്‌ പരിപാടിയില്‍ ആലപ്പുഴയില്‍ വെച്ച്‌ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ജാക്‌സണ്‍ പൊള്ളയിലാണ്‌ ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട്‌ പറഞ്ഞത്‌. 400 ട്രോളറുകളും അഞ്ച്‌ മദര്‍ഷിപ്പുകള്‍ക്കും വേണ്ടി കരാര്‍ ഒപ്പിട്ടെന്നും തീരപ്രദേശത്ത്‌ ഇത്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതൊന്നും അറിഞ്ഞില്ലല്ലോയെന്ന്‌ താന്‍ പ്രതികരിച്ചു. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ട്‌. മാധ്യമങ്ങള്‍ക്ക്‌ നല്‍കാം. അതിന്‌ ശേഷമാണ്‌ താന്‍ ഇതേക്കുറിച്ച്‌ അന്വേഷണം നടത്തിയത്‌. ഇഎംസിസിക്കാര്‍ എന്നെ വന്ന്‌ കണ്ടിട്ടില്ല. മുന്‍പ്രൈവറ്റ്‌ സെക്രട്ടറി തനിക്ക്‌ വിവരം തന്നിട്ടില്ല. ഇഎംസിസിക്കാര്‍ തന്നെ വന്ന്‌ കണ്ട്‌ അവരുടെ 5000 കോടിയുടെ പദ്ധതി പോളിക്കാന്‍ ആവശ്യപ്പെടുമോ? ചെന്നിത്തല ചോദിച്ചു.

മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിന്റെ കടല്‍ വില്‍ക്കാനും ശ്രമിച്ചസര്‍ക്കാരാണ്‌ ഇവിടെയുള്ളത്‌. കടലിന്റെ മക്കളുടെ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പൊളിച്ചതിന്‌ മുഖ്യമന്ത്രിക്ക്‌ തന്നോട്‌ അമര്‍ഷമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

സര്‍ക്കാരിന്റെ ഓരോ രഹസ്യ നീക്കങ്ങളും പ്രതിപക്ഷം പൊളിച്ചു. ഇങ്ങിനെ പ്രതിപക്ഷം ഉള്ളതുകൊണ്ടാണ്‌ മുഖ്യമന്ത്രിയുടെ ഗൂഢ നീക്കങ്ങള്‍ പൊളിയുന്നത്‌. ഇഎംസിസി വിവാദത്തില്‍ സര്‍ക്കാര്‍ ഒളിച്ച്‌ കളിക്കുകയാണ്‌. ഇഎംസിസി ഫയല്‍ രണ്ട്‌ തവണ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കണ്ടുവെന്നത്‌ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിക്കുന്നു. ഫയല്‍ കമ്‌ടില്ലെന്ന്‌ പറഞ്ഞ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി മറുപടി പറയണം. മേവിസിക്കുട്ടിയമ്മ തുടക്കം മുതല്‍ കള്ളം പറയുകയാണ്‌. മുഖ്യമന്ത്രിയും കള്ളം പറയുന്നു.ഫയല്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.