സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സൂരറൈ പോട്ര്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നേരത്തെ തന്നെ ചിത്രം ഒസ്‌കാറിൽ മത്സരിക്കുന്ന വിവരം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒസ്‌കാര്‍ പുരസ്‌കാരത്തിനുവേണ്ടി മത്സരിയ്ക്കുന്നതിനുള്ള പ്രാഥമിക ഘട്ടം കടന്നിരിക്കുകയാണ് സൂരരൈ പോട്ര്. 93-ാമത് അക്കാദമി പുരസ്‌കാരത്തിന് മത്സരിക്കാനും ചിത്രം യോഗ്യത നേടി കഴിഞ്ഞു . മികച്ച നടൻ , മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കിന്നത്. സൂരറൈ പോട്ര് ഉൾപ്പെടെ 366 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.

പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുത്ത 366 ചിത്രങ്ങളിൽ ഒന്നാണ് സൂരറൈ പോട്ര്. ജനറൽ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ ഉർവശിയും, അപർണ്ണ ബാലമുരളിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ ബൊമ്മി എന്ന കഥാപാത്രത്തെയാണ് ‌ അപർണ്ണ ബാലമുരളി അവതരിപ്പിച്ചത്. ചിത്രത്തിൽ മികച്ച സ്വീകാര്യതയാണ് ഉർവശിയുടെ കഥാപാത്രത്തിന് ലഭിച്ചത്. നെടുമാരന്റെ അമ്മയുടെ വേഷമാണ് ഉർവശി ചിത്രത്തിൽ കൈകാര്യം ചെയ്തത്.

ആമസോൺ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റീലിസിന് എത്തിയത്. എയർ ഡെക്കാൺവിമാന കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്. ചുരുങ്ങിയ ചിലവിൽ സാധാരക്കാർക്കും കൂടി യാത്ര ചെയ്യാൻ കഴിയുന്ന വിമാന സർവീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് നിർമ്മിച്ചത്.