ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ വിരമിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വിരമിക്കൽ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു.

‘ആദ്യമായി ഇന്ത്യയക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. എന്റെ ബാല്യം മുതൽ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. ഞാൻ ആഭ്യന്ത ക്രിക്കറ്റിലും, അന്താരാഷ്ട്ര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിച്ചു.

പക്ഷേ ഇന്നത്തെ സഹചര്യം അൽപം വ്യത്യസ്തമാണ്. ഇന്ന് ലോകകപ്പോ, ഐപിഎൽ ഫൈനലോ ഇല്ല. അതുകൊണ്ട് ജീവിതത്തിലെ ഈ ഇന്നിംഗ്‌സിന് ഫുൾസ്റ്റോപ്പ് ഇടാൻ സമയമായി. എല്ലാ തരം കളികളിൽ നിന്നും വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു.’- യൂസുഫ് പഠാൻ കുറിപ്പിൽ പറഞ്ഞതിങ്ങനെ.

2001-02ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് യൂസുഫ് പഠാൻ അരങ്ങേറ്റം നടത്തുന്നത്. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസുഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടി20 യിലെ തന്റെ ആദ്യ ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത യൂസുഫ് ആ മത്സരത്തിൽ 8 പന്തുകളിൽ 15 റൺസ് നേടി.

2008ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യൂസുഫ് രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചു. 475,000 യു.എസ് ഡോളറിനാണ് യൂസുഫ് കരാർ ഒപ്പിട്ടത്. 2008ലെ പ്രീമിയർ ലീഗ് ജയിച്ച റോയൽസിന് വേണ്ടി, പരമ്പരയിൽ ഫൈനൽ ഉൾപ്പെടെ 4 കളികളിൽ യൂസുഫ് മാൻ ഓഫ് ദ് മാച്ച് ആയി. പരമ്പരയിൽ ഉടനീളം പ്രകടിപ്പിച്ച മികച്ച ഫോം കാരണം അദ്ദേഹത്തിന് ഇന്ത്യൻ ഏകദിനടീമിലേക്ക് പ്രവേശനവും ലഭിച്ചു.