പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്നത് നുണപ്രചരണമാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് ഗീബൽസാവാൻ തയാറെടുക്കുകയാണോയെന്നും മന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിർഭാഗ്യകരമാണെന്നും വിഷയദാരിദ്ര്യമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് പിന്നിലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തുറന്നടിച്ചു. 2019 ൽ കിട്ടിയ നിവേദനത്തിന് സർക്കാർ ഒരു അനുകൂല നിലപാടും എടുത്തിട്ടില്ല. 2019 ൽ കിട്ടിയ നിവേദനത്തിന്, സർക്കാർ കാലാവധി അവസാനിക്കാറായ 2021 ഫെബ്രുവരി രണ്ടിന് എംഒയു എങ്ങനെ വന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

ജനുവരിയിൽ ആരംഭിച്ച പ്രതിപക്ഷ നേതാവിന്റെ ജാഥയും എംഒയുവും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സമയത്ത് ഒരു കരാർ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു. അത്തരം നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ അറിയാതെ എന്തിനത് ചെയ്തുവെന്നും സർക്കാർ നയം അട്ടിമറിക്കാൻ ആസൂത്രിതമായി ശ്രമിച്ചുവെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. ‘വിവാദമുണ്ടാക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്. സർക്കാർ ഗൗരവമായി കാണുന്നു. മത്സ്യതൊഴിലാളികൾ അഡ്രസ് ചെയ്യാൻ പ്രതിപക്ഷത്തിന് എന്ത് അർഹതയാണ് ഉള്ളത്. മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിച്ചവരാണ് ഈ സർക്കാർ. മത്സ്യതൊഴിലാളിക്ക് സർക്കാരിനെ നന്നായി അറിയാം. കമ്പനിക്ക് വിശ്വാസതയില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പദ്ധതിക്ക് അനുമതി നൽകാത്തത്’- മന്ത്രി പറഞ്ഞു