ഇസ്ലാമാബാദ് : ഖുറാനെയും മുഹമ്മദ് നബിയേയും നിന്ദിച്ചുവെന്നാരോപിച്ച് പാകിസ്താനിലെ ന്യൂനപക്ഷ ക്രിസ്ത്യൻ യുവാക്കൾക്കെതിരെ കേസ് . രണ്ട് യുവാക്കൾക്കെതിരെ ആണ് കേസെടുത്തത്. പാക് പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ഹരൂൺ അയൂബ്, സലാമത് മാൻഷ എന്നീ ക്രിസ്ത്യൻ യുവാക്കൾക്കെതിരെയാണ് മതനിന്ദ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. മതപരമായ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെയും ഖുറാനിനെയും യുവാക്കൾ ആക്ഷേപിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

പാകിസ്താനിൽ മതനിന്ദ നിയമപ്രകാരം ഏതെങ്കിലും മത ദൈവങ്ങളെ നിന്ദിക്കുന്നവർക്ക് വധശിക്ഷയാണ് വിധിക്കുക. എന്നാൽ നിലവിൽ നിരവധി ന്യൂനപക്ഷ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മത നിന്ദ നടത്തിയെന്നാരോപിച്ച് തടവിൽ വെച്ചിരിക്കുകയാണ്. കണക്ക് പ്രകാരം 1987 നും 2016 ഇടയിലുള്ള വർഷങ്ങളിൽ 1,335 പേർക്കെതിരെയാണ് മതനിന്ദ ചുമത്തി പാകിസ്താനിൽ കേസെടുത്തിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ പെട്ട അൻപത് ശതമാനം ആളുകൾക്കെതിരെയും മതനിന്ദ ചുമത്തി പാക് പോലീസ് കേസെടുത്തിട്ടുണ്ട്.