ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം കാരണം കഴിഞ്ഞ വർഷം ഡൽഹിയിൽ മരിച്ചത് 54,000 പേരെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട പരിധിയ്ക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വർഷത്തെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം. പിഎം 2.5 പൊടി കണങ്ങൾ കാരണമാണ് ഇത്രയധികം മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തിറക്കിയത്.

വായു മലിനീകരണത്തിന്റെ പ്രധാന ഘടകമാണ് പാർട്ടിക്കുലേറ്റ് മാറ്റർ(പിഎം) അഥവാ പൊടി കണങ്ങൾ. 2.5 മൈക്രോൺ വലിപ്പമുളള പൊടി കണങ്ങളാണ് പിഎം 2.5. ഇവ ശ്വാസകോശത്തിൽ കയറി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. ഒരു ദശലക്ഷം ആളുകളിൽ 1800 പേരും മരിക്കുന്നത് പിഎം 2.5 കാരണമാണെന്നാണ് പഠനം.

2020ൽ മുംബൈയിൽ ഉണ്ടായ 25,000 മരണങ്ങൾക്കും വില്ലനായതും വായു മലിനീകരണമാണെന്നാണ് കണ്ടെത്തൽ. കണക്ക് പ്രകാരം ബംഗളൂരുവിൽ 12,000 പേരും, ചെന്നൈയിൽ 11,000 പേരും, ഹൈദരാബാദിൽ 11,000 പേരുമാണ് വായു മലിനീകരണം കാരണം മരിച്ചത്. കൊറോണ ലോക്ഡൗണിൽ ഇതിൽ കുറവ് സംഭവിച്ചിരുന്നെങ്കിലും മലിനീകരണം വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.