മുംബൈ: കൊറോണ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും ഓൺ ദ സ്‌പോട്ടിൽ തന്നെ പിഴ ഈടാക്കുമെന്ന് ബിഎംസി അധികൃതർ അറിയിച്ചു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തെത്തുന്നവരിൽ നിന്നും 200 രൂപയാണ് പിഴ ഈടാക്കുക.

മുംബൈ നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ കേസുകൾ വർധിച്ചതോടെയാണ് പുതിയ തീരുമാനം. പുതിയ ഉത്തരവ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പൊതുഗതാഗതത്തിൽ സഞ്ചരിക്കുമ്പോഴും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്.

രാജ്യത്ത് നിലവിൽ ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അമരാവതി ജില്ലയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഫെബ്രുവരി 20 രാത്രി 8 മണി മുതൽ 22 രാവിലെ ഏഴു മണി വരെയാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.