സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി.

കോട്ടയം ജില്ലയിലെ പാലായിലാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും പി.ജി ഡിപ്ലോമ നേടി. തുടർന്ന് കൊടൈക്കനാൽ സ്‌കൂളിലെ അമേരിക്കൻ ടീച്ചേഴ്‌സിൽ നിന്ന് സംഗീതത്തിൽ രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി. പിന്നാലെ ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോയിൽ സിക്‌സ്ത്ത് ഗ്രെയ്ഡും പാസായി.

കെ.ജി. ജോർജിന്റെ മണ്ണിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് അരവിന്ദന്റെ തമ്പിൽ അസിസ്റ്റൻറ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്.

തുടർച്ചയായി മൂന്നു വർഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. ഭവം (2002), മാർഗം (2003), സഞ്ചാരം, ഒരിടം (2004)) എന്നിവയാണ് ചിത്രങ്ങൾ.