ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീപാറുന്ന വാക്‌പോരും തെരുവ് യുദ്ധവും. ബംഗാളിനെ മമത കൊള്ളയടിച്ച് നശിപ്പിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമ ബംഗളിനെ കുരുതിക്കളമാക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് മമത ബാനർജിയും ആരോപിച്ചു.

24 നോർത്ത് പർഗാന ജില്ലയിൽ പര്യടനം നടത്തിയ അമിത് ഷാ രൂക്ഷ ഭാഷയിലാണ് മമത ബാനർജിയെ വിമർശിച്ചത്. മമത ബംഗാളിന്റെ വികസനവും ക്രമസമാധാനവും തകർത്തു. ഭരിക്കുകയല്ല, കൊള്ളയടിക്കുകയാണ് മമതാ ബാനർജി ചെയ്തത്. മമതയെയും സംഘത്തെയും ബംഗാളിന്റെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്നത് സംസ്ഥാനത്തിന്റെ പൊതു ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.

വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച മമത ബാനർജി തനിക്ക് ആരേയും ഭയമില്ലെന്നും ഭയപ്പെടുത്താൻ ശ്രമിച്ച് സമയം കളയേണ്ടെന്നും മറുപടി നൽകി. രാജ്യമാകെ വിലക്കയറ്റത്തിൽ വലയുമ്പോൾ നല്ല നാളയെകുറിച്ച് സാധാരണക്കാരനോട് പറയാൻ അൽപം മാന്യത വേണമെന്നും അവർ വിമർശിച്ചു.

അമിത് ഷായും മമത ബാനർജിയും കൊണ്ടും കൊടുത്തും പ്രചാരണ രംഗത്ത് നിറഞ്ഞപ്പോൾ ഇരുപാർട്ടികളിലെയും അണികളും അതേ ശൈലി തെരുവിൽ അവലംബിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരു പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. ഇന്നലെ ഉണ്ടായ ബോംബാക്രമണത്തിൽ പരുക്കേറ്റ ബംഗാളിലെ തൊഴിൽ സഹമന്ത്രി സാഖിർ ഹുസൈനെ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ സന്ദർശിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഉത്തര കൊൽക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് ശിബാജി സിംഗ് റോയ് അടക്കമുള്ളവരും ആശുപത്രിയിൽ സുഖം പ്രാപിക്കുകയാണ്. മുർഷിദാബാദിൽ സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിന് കാരണമായ വീഴ്ചയിൽ ജില്ലാ മജിസ്‌ട്രേറ്റിനെ പശ്ചിമ ബംഗാൾ സർക്കാർ സ്ഥലം മാറ്റി.