മാണി സി കാപ്പൻ എൻസിപി വിട്ടതിൽ സങ്കടമുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ. ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ എൻ സി പി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും മാണി സി കാപ്പന്റെ നിലപാടിനെ എൻസിപിയിലെ ആരും പിന്തുണയ്ക്കുന്നില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

സീറ്റുകൾ നഷ്ടപ്പെട്ട ഒരുകാലത്തും എൻസിപിയിൽനിന്ന് ആരും മുന്നണിവിട്ടുപോയിട്ടില്ല. മാണി സി.കാപ്പൻ പോയതിൽ സങ്കടമുണ്ട്. പാല നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവുമുണ്ട്. എന്നാൽ എൽഡിഎഫിൽ തന്നെ ഉറച്ചു നിൽക്കുമെന്നും എൽഡിഎഫിന് തുടർ ഭരണം അനിവാര്യമാണെന്നും ടി പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.

പാലാ സീറ്റിനെചൊല്ലി പാർട്ടി വിട്ട മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് ടി.പി. പീതാംബരൻ മാസ്റ്റർ നേരത്തെ പ്രതികരിച്ചിരുന്നു. ജയിച്ച സീറ്റ് തോറ്റവർക്ക് കൊടുത്തത് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. മാണി സി. കാപ്പൻ പോയത് പാർട്ടിക്ക് ക്ഷീണമായിട്ടുണ്ട്. കാപ്പനോട് മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. ഇടതുമുന്നണിയിൽ തുടരുന്നത് ആശയപരമായ തീരൂമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ടി.പി. പീതാംബരൻ വ്യക്തമാക്കി.