ദില്ലി: 2019 മുതല്‍ ഭാരതത്തിന് ഫെബ്രുവരി 14, എന്നത് പ്രണയദിനമല്ല പുല്‍വാമദിനമാണ്. പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ രാജ്യത്തിന് നഷ്ടമായ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുകയാണ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. വയനാട് ലക്കിടി സ്വദേശി വി.വി വസന്ത കുമാറും ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. പുല്‍വാമയില്‍ അന്ന് നടന്നത് 78 വാഹനങ്ങളിലായി അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേര്‍ ഓടിച്ച്‌ വന്ന കാറില്‍ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയില്‍ 76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

പുല്‍വാമ കാകപോറ സ്വദേശി തന്നെയായ ആദില്‍ അഹമ്മദായിരുന്നു ചാവേറായി കാര്‍ ഓടിച്ച്‌ വന്നത്. പിന്നീട് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ആദിലിന്‍റെ വീഡിയോയും ജയ്ഷെ മുഹമ്മദ് പുറത്ത് വിട്ടു. ചാവേറായ ജയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ആസൂത്രണം നടത്തിയ യുവാവ് പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം ജയ്ഷെ-ഇ-മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് തുടര്‍ന്ന് കണ്ടെത്തി. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്ക് 23 വയസ് മാത്രമാണുണ്ടായിരുന്നത്. ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. കശ്മീര്‍ താഴ്‌വരയില്‍ ജയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. എല്ലാത്തിനും പിന്നില്‍ മസൂദ് അസര്‍ ആയിരുന്നു. പിന്നീട് പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസര്‍ അയച്ച ശബ്‍ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി.

അതേസമയം അസറിന്‍റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. എന്നാല്‍ ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാന്‍ സ്വദേശിയും താലിബാന്‍ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്ഷെ മുഹമ്മദ് കമാന്‍ഡ‌ര്‍ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്. 1998ല്‍ മസൂദ് അസര്‍ സ്ഥാപിച്ച ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്. ഒടുവില്‍ പാക്കിസ്ഥാന് തിരിച്ചടി ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നത്. പുല്‍വാമ ഭീകരാക്രമണം കൂടി കാരണമായി കണ്ട് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ യോഗത്തില്‍ ജയ്ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസും, ബ്രിട്ടനും, ഫ്രാന്‍സും ചേര്‍ന്നാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഉപസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്ര വിജയമായിരുന്നു.