ന്യൂഡൽഹി : റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാന പരമ്പരാഗത തലപ്പാവ് ധരിക്കുന്ന ആചാരം പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ ആഘോഷത്തില്‍ ചുവപ്പ് തലപ്പാവണിഞ്ഞാണ് (പഗ്ഢി) മോദി രാജ്പഥില്‍ സല്യൂട്ട് സ്വീകരിച്ചത്.ഗുജറാത്ത് ജാംനഗറിലെ രാജകുടുംബമാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ ധരിക്കാനായി ഈ പ്രത്യേക സമ്മാനം മോദിക്ക് നൽകിയത്. ലോകമാകെ ബഹുമാനിക്കുന്ന രാജവംശങ്ങളിലൊന്നാണ് ജാംനഗറിലേത് . രണ്ടാം ലോകമഹായുദ്ധസമയത്ത് ജാംനഗറിലെ രാജാവ് മഹാരാജ ജാം സാഹിബ് ദിഗ്‌വിജയ് സിംഗ് 1000 കുട്ടികളെ പോളണ്ടിൽ നിന്ന് രക്ഷിച്ചിരുന്നു. ജാം നഗർ രാജാവിന്റെ ഈ സഹായത്തെ പോളണ്ട് ഇന്നും നന്ദിയോടെ സ്മരിക്കുന്നുണ്ട് .

ജാം സാഹെബ് മഹാരാജാ ശത്രുശല്യസിന്‍ഹയാണ് നിലവില്‍ കുടുംബത്തിലെ അധിപന്‍. നവാന്‍നഗര്‍ മഹാരാജ എന്ന പേരിലാണ് കുടുംബം അറിയപ്പെടുന്നത്. കത്യാവാര്‍ മേഖലയിലാണ് നവാന്‍നഗര്‍. 1540 മുതല്‍ 1948 വരെ ഇവിടം ഭരിച്ചിരുന്നത് ജഡേജ രാജകുടുംബമാണ്. ഇപ്പോള്‍ ഈ ജില്ല അറിയപ്പെടുന്നത് ജാംഗനര്‍ എന്ന പേരിലാണ്. ജാം സാഹിബ് എന്ന പേരിലാണ് രാജകുടുംബത്തിലെ ഭരണാധികാരികള്‍ അറിയപ്പെടുന്നത്.