ലണ്ടൻ: ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നയാളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബ്രിട്ടനിൽ രണ്ടാം ഘട്ട കൊറോണ വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തിലാണ് യാത്ര മുടങ്ങിയത്.
ഇന്ത്യയിലും ബ്രിട്ടനിലുമായി ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഏവർക്കും ആശംസകൾ.’ ജോൺസൻ സന്ദേശത്തിൽ പറഞ്ഞു. ഇന്ന് ഈ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യമെന്ന നിലയിൽ ഇന്ത്യ റിപ്പബ്ലിക് ദിനവും ഭരണഘടനയുടെ നിർമ്മാണവും ആഘോഷിക്കുകയാണ്. എന്റെ ആത്മാർത്ഥമായ ആശംസകൾ ഇന്ത്യൻ ജനതയ്ക്ക് നേരുകയാണ്. ഇന്ത്യ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന രാജ്യമാണെന്നും ബോറിസ് ജോൺസൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

താൻ ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം വലിയൊരു കുതിച്ചുചാട്ടം ഇരുരാജ്യങ്ങളുടെ ബന്ധത്തിലുമുണ്ടാകണമെന്നാണ് ആഗ്രഹം. അതിന് ഞങ്ങളിരുവരും ഒരുമിച്ച് പ്രതിജ്ഞ എടുത്തവരുമാണെന്നും ജോൺസൻ ഓർമ്മിപ്പിച്ചു.