വരുന്ന ഐപിഎൽ ലേലത്തിൽ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വലിനെ ഏതെങ്കിലും ഫ്രാഞ്ചൈസി 10 കോടി രൂപയ്ക്കോ മറ്റോ വാങ്ങിയാൽ അവരുടെ തലയിൽ കല്ലാണെന്ന് മുൻ ന്യൂസീലൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. അടിസ്ഥാന വിലയ്ക്കോ അതിനെക്കാൾ അല്പം ഉയർന്ന വിലയ്ക്കോ മാക്സ്‌വലിനെ വാങ്ങുന്നതാണ് ഫ്രാഞ്ചൈസിക്ക് നല്ലതെന്നും സ്റ്റൈറിസ് പറഞ്ഞു.

“ആരെങ്കിലും ആ 10 കോടിയോടടുത്ത തുക നൽകുകയാണെങ്കിൽ അവരുടെ തലയിൽ കല്ലാണ്. അദ്ദേഹം എത്ര മികച്ച താരമാണെന്ന് നമുക്കറിയാം. അതല്ല കാര്യം. കഴിവുണ്ട്. പക്ഷേ, കഴിവിനനുസരിച്ചുള്ള പ്രകടനനങ്ങൾ മാക്സ്‌വൽ നടത്തുന്നില്ല. ആരെങ്കിലും അദ്ദേഹത്തെ വാങ്ങുന്നെങ്കിൽ അത് അടിസ്ഥാന വിലയ്ക്കാവണമെന്നാണ് എൻ്റെ അഭിപ്രായം. ഫോമിലെത്തുമെന്ന് പ്രതീക്ഷിക്കുക മാത്രമേ വഴിയുള്ളൂ. കാരണം കഴിഞ്ഞ ഏതാനും സീസണുകളായി മാക്സ്‌വൽ മോശം പ്രകടനങ്ങളാണ് നടത്തുന്നത്.”- സ്റ്റൈറിസ് പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 10 കോടി രൂപയ്ക്കാണ് കിംഗ്സ് ഇലവൻ പഞ്ചാബ് മാക്സ്‌വലിനെ ടീമിലെത്തിച്ചത്. മോശം പ്രകടനങ്ങളെ തുടർന്ന് വരുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി താരത്തെ കിംഗ്സ് ഇലവൻ റിലീസ് ചെയ്തിരുന്നു.