സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റുമായുമുള്ള (യുഎഇ) പാകിസ്ഥാന്റെ ബന്ധം വഷളായതോടെ സാമ്പത്തികമായി വലഞ്ഞ് പാകിസ്ഥാന്‍. പാകിസ്ഥാന്റെ പ്രധാന വായ്പാ സ്രോതസ്സുകളായിരുന്നു ഇരു രാജ്യങ്ങളും. നേരത്തെ എടുത്ത മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ അടയ്ക്കണമെന്ന് സൗദി അറേബ്യ 2020 ആഗസ്റ്റില്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പാകിസ്ഥാനി തൊഴിലാളികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് യുഎഇ നിരോധിച്ചിരുന്നു.

ഇതോടെ കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണമില്ലാതെ പാകിസ്ഥാന്‍ നട്ടംതിരിയുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെല്ലാം തന്നെ സുഹൃദ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്. സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുന്ന കമ്പനികളുടെ അഭാവവും പാകിസ്ഥാന് തിരിച്ചടിയായി.

രാജ്യത്ത് അടിയന്തിരമായി ആവശ്യമുള്ളവര്‍ക്ക് പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയാത്ത രീതിയില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. അയല്‍ രാജ്യമായ ബംഗ്ലാദേശ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധരായി.

ആസ്ട്രാസെനെകയുടെയും ചൈനയുടെ സിനോഫാമിന്റെയും വാക്‌സിനുകള്‍ക്ക് രാജ്യത്ത് അടയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത് ഒഴിച്ചാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മറ്റൊന്നും ചെയ്തിട്ടില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു നില്‍ക്കുകയാണ്.