മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. 72-ാം റിപബ്ലിക് ദിനത്തിന് മുന്നോടിയായ പുറത്തു വന്ന പത്മ പുരസ്കാര ജേതാക്കളുടെ പട്ടികയിലാണ് ജപ്പാന്‍്റെ മുന്‍ പ്രധാനമന്ത്രിയും ഇടംപിടിച്ചത്.

ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡുള്ള ഷിന്‍സോ ആബെ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. 2006-ല്‍ ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ആബെയാണ് ഇന്ത്യ-ജപ്പാന്‍-അമേരിക്ക- ആസ്ട്രേലിയ പ്രതിരോധസഖ്യം രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചത്.

ക്വാഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ ചതുര്‍രാഷ്ട്ര കൂട്ടായ്മ പസഫിക് സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിനും സാന്നിധ്യത്തിനും വലിയ പ്രതിരോധമാണ് തീര്‍ത്തത്. 2014-ല്‍ റിപബ്ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായി എത്തിയ ആബെയുമായി നിര്‍ണായകമായ നിരവധി കരാറുകളില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിം​ഗ് ഒപ്പു വച്ചു.