വാഷിങ്​ടണ്‍: യു.എസില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രനിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിച്ചേക്കില്ലെന്ന്​ സൂചന. യു.കെ, അയര്‍ലന്‍ഡ്​ തുടങ്ങിയ 26 യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്​ യാത്ര നിരോധനം. ഈ പട്ടികയിലേക്ക്​ ദക്ഷിണാഫ്രിക്കയെ കൂടി ബൈഡന്‍ കൂട്ടിച്ചേര്‍ത്തേക്കും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസില്‍ യു.എസില്‍ പടരുന്നത്​ തടയാനാണ്​ ബൈഡന്‍റെ ​നീക്കം. നേരത്തെ യാത്ര നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കുമെന്ന്​ ഡോണള്‍ഡ്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

ബൈഡന്‍ അധികാരമേല്‍ക്കുന്നതിന്​ രണ്ട്​ ദിവസം മുമ്ബാണ്​ യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന സൂചന ട്രംപ്​ നല്‍കിയത്​. കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്​ രാജ്യത്ത്​ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു ട്രംപ്​ വ്യക്​തമാക്കിയിരുന്നത്​.

വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെന്‍ പാസ്​കി ഇത്​ യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള സമയമ​ല്ലെന്ന്​ പ്രതികരിച്ചു. പൊതു ആരോഗ്യം ശക്​തിപ്പെടുത്തേണ്ട സമയമാണിത്​. ഈയൊരു ഘട്ടത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു.