ദേശീയ കൗൺസിൽ വിളിക്കണമെന്ന ആവശ്യവുമായി ജെ.ഡി.എസ് – സി.കെ നാണു വിഭാഗം കോട്ടയത്തും ഇടുക്കിയിലും യോഗങ്ങൾ ചേർന്നു. ജോർജ്ജ് തോമസിന്റെ നേതൃത്വത്തിലാണ് വിമത യോഗങ്ങൾ നടത്തിയത്. തർക്ക പരിഹാരമുണ്ടായില്ലെങ്കിൽ ഈ മാസം തന്നെ നിർണായക നീക്കങ്ങളിലേക്ക് കടക്കുമെന്ന് നേതാക്കൾ സൂചന നൽകി.

പിളർപ്പൊഴിവാക്കാൻ ദേശീയ കൗൺസിൽ വിളിക്കണമെന്ന ആവശ്യവുമായാണ് ജെഡിഎസിലെ വിമത പക്ഷം യോഗം ചേർന്നത്. യഥാർത്ഥ ജനതാദൾ തങ്ങളാണെന്ന അവകാശവാദവുമായി, കോട്ടയത്തും ഇടുക്കിയിലുമായിരുന്നു യോഗം. പാർട്ടിയിലെ തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഈ മാസം അവസാനത്തോടെ സംസ്ഥാന സമ്മേളനം വിളിച്ച് നിർണായക നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ജോർജ് തോമസ് പ്രതികരിച്ചു.

പ്രത്യക്ഷത്തിൽ വിമത നീക്കവുമായി സികെ നാണു സഹകരിക്കുന്നില്ല എങ്കിലും, നാണുവിനെ ആശീർവാദത്തോടെയാണ് നീക്കങ്ങൾ എന്നാണ് സൂചന. എൻസിപിയ്ക്ക് പിന്നാലെ ജെഡിഎസിലും പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ
ഇടതു മുന്നണിക്ക് തലവേദനയാകും.