കൊച്ചി: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്‌സിന്‍ എത്തി. നെടുമ്ബാശ്ശേരിയിലാണ് ആദ്യഘട്ടം എത്തിയത്. വൈകീട്ട് തിരുവനന്തപുരത്തേക്ക് വിമാന മാര്‍ഗം വാക്‌സിന്‍ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തില്‍ 4,33,500 ഡോസ് വാക്‌സിനാണ് നല്‍കുന്നത്.

രാവിലെ 11 മണിയോടെയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വാക്‌സിനുമായി മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനം എത്തിയത്. കൊച്ചിയിലെത്തിച്ച 2,99,500 ഡോസ് വാക്‌സിനില്‍ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാര്‍ഗം കൊണ്ടുപോകും. മാഹിക്ക് നല്‍കാനുള്ള വാക്‌സിന്‍ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക.

തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1,34,000 ഡോസ് വാക്‌സിന്‍ വിമാനത്തില്‍ എത്തിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വാക്‌സിന്‍ സ്റ്റോറേജ് കേന്ദ്രങ്ങളിലേക്കാണ് ആദ്യം വാക്‌സിന്‍ മാറ്റുക. ഇവിടങ്ങളില്‍ നിന്ന് ഇന്‍സുലേറ്റഡ് വാനുകളില്‍ മറ്റ് ജില്ലകളിലേക്ക് വാക്‌സിന്‍ എത്തിക്കും.

 

എല്ലാ ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറേജ് ബോക്‌സുകളില്‍ ആശുപത്രികളിലെത്തിച്ചാണ് വാക്‌സിന്‍ നല്‍കുക. സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ സൗകര്യമുള്ളത്. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് 3,62,870 ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിനേഷന് വേണ്ടി രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 1,70,259ഉം സ്വകാര്യ മേഖലയില്‍ നിന്ന് 1,92,611ഉം ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.