സംസ്ഥാനത്ത് ആദ്യഘട്ട വാക്സീന്‍ വിതരണത്തിന് അറുനൂറ്റി അറുപത്തഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഒാരോ കേന്ദ്രത്തിലും ഡോക്ടര്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. പതിനാല് ജില്ലകളിലായി 133 വാക്സീന്‍ സൈറ്റുകള്‍ തയാറായി. പതിമൂന്നാം തീയതി വാക്സീന്‍ സംസ്ഥാനത്തെത്തുമെന്നാണ് സൂചന.

വാക്സ്സിനേഷന്‍ കേന്ദ്രത്തില്‍ നാല് വാക്സിനേഷന്‍ ഒാഫീസര്‍മാര്‍ വീതമാണ് ഉണ്ടാകുക. പ്രവേശന കവാടത്തില്‍ നില്ക്കുന്ന ജീവനക്കാരനാണ് ഒന്നാെത്തയാള്‍. ലിസ്റ്റില്‍ പേരുണ്ടോയെന്നും മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവയും പരിശോധിക്കും.

വാക്സീന്‍ നല്കുന്ന മുറിയില്‍ രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ഫോട്ടോ ഐഡിയും റജിസ്ട്രേഷനും ഉറപ്പാക്കും. കുത്തിവയ്പ് നല്കുന്ന നഴ്സിനെ വാക്സിനേറ്റര്‍ ഒാഫീസര്‍ എന്നാണ് വിളിക്കുക. മൂന്നാമത്തെ ഒാഫീസര്‍ കുത്തി വയ്പിനുശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുന്ന മുറിയിലാണ് ഇരിക്കുക.

നാലാമത്തെയാള്‍ മാര്‍ഗനിര്‍ദേശം നല്കി കേന്ദ്രത്തിനു പുറത്തുണ്ടാകും. ഡോക്ടര്‍ വേണമെന്ന് നിര്‍ബന്ധമില്ലെങ്കിലും സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുളള സര്‍ക്കാര്‍ ആശുപത്രികള്‍, 100 ലേറെ ആരോഗ്യപ്രവര്‍ത്തരുളള സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി 133 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.