കൊവിഡ് വാക്‌സിന്‍ വിതരണം 16ാം തിയതി ആരംഭിക്കാനിരിക്കെ വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാരുകള്‍. ആദ്യത്തെ മൂന്ന് കോടി പേര്‍ക്ക് ഉടന്‍ നല്‍കുമെന്നും 27 കോടി പേര്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് ഓഗസ്റ്റിനുള്ളില്‍ നല്‍കുമെന്നുമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

60 വയസില്‍ കൂടുതലുള്ളവര്‍ക്ക് പ്രായാടിസ്ഥാന മുന്‍ഗണനാക്രമം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ 130 കോടി പേര്‍ക്ക് വാക്സിനേഷന്‍ നിലവിലെ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ചുമാത്രം സാധ്യമാവില്ല. വാക്സിന്‍ സ്വീകരിക്കുന്നവരെ നിരീക്ഷിക്കാനും സംവിധാനം വേണം. കൂടുതല്‍ രാജ്യങ്ങള്‍ വാക്സിനേഷന്‍ തുടങ്ങുമ്പോള്‍ ലഭ്യതയും പ്രശ്നമാകും.

രാജ്യത്ത് ലഭ്യമാകുന്ന വാക്സിന്‍ വിദൂരഗ്രാമങ്ങളില്‍ എത്തിക്കുക, റഫ്രിജറേറ്റര്‍ താപനിലയില്‍ സംഭരിക്കുക എന്നിവയും വെല്ലുവിളിയാണ്. വാക്സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം കൂടുന്തോറും ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കും. ഈ സാഹചര്യം ചൂഷണം ചെയ്യപ്പെടാന്‍ കാരണം ആകും എന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് പൊതുനന്മ മുന്‍നിര്‍ത്തി വാക്സിന്‍ സൗജന്യമായി എല്ലാവര്‍ക്കും ലഭിക്കാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സമീപനം പൂര്‍ണമായും അനുകൂലമല്ല. പകരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാം എന്നാണ് കേന്ദ്രത്തിന്റെ ആലോചന. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം ആയി വിതരണം ചെയ്യുക ഇപ്പോഴത്തെ കാര്യത്തില്‍ ആലോചിക്കാന്‍ പറ്റുന്നതല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാല്‍ എതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ വാക്‌സിന്‍ വിതരണം സൗജന്യമായി നടത്തണമെങ്കില്‍ അവരുടെ ഖജനാവില്‍ നിന്ന് പണം മുടക്കി വാക്‌സിന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നയം. നാളെ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കണം എന്ന് ആവശ്യപ്പെടും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇക്കാര്യം ഇന്നലെ വ്യക്തമാക്കി. കേരളത്തെയും ചത്തീസ്ഗഡിനെയും പോലെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന ലഭിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് കേന്ദ്രനിലപാട്.