ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷൻ (പിഎംഎ) സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഏഴു രോഗികൾക്ക് സാന്ത്വനമേകി മുപ്പതാം വര്ഷത്തിലേക്ക് ചുവടു വയ്ക്കുന്നു. സംഘടനയുടെ അംഗങ്ങളുടെ എണ്ണത്തിൽ കുറവെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുന്നിൽ നിൽക്കുന്ന പിഎംഎ യുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

ഈ കോവിഡ് പശ്ചാത്തലത്തിൽ പലർക്കും ജോലി നഷ്ടപ്പെട്ടെങ്കിലും സംഘടനയുടെ ക്രിസ്മസ് പുതുവത്സര സമ്മാനമായി പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനുള്ള സംരംഭത്തിൽ അംഗങ്ങളുടെ നിർലോഭമായ സഹായമാണ് ലഭിച്ചതെന്ന് പ്രസിഡണ്ട് ജോൺ ജോസഫ് (ബാബു കൂടത്തിനാലിൽ) അറിയിച്ചു. സംഭാവനായി ലഭിച്ച 3000 ഡോളർ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഏഴു രോഗികൾക്കായി തുല്യമായി ക്രിസ്മസ് സമ്മാനമായി അവർക്കു ലഭിക്കത്തക്കവിധത്തിൽ ക്രമീകരണം ചെയ്തുവെന്നും പ്രസിഡണ്ട് അറിയിച്ചു.

പി എം എ കഴിഞ്ഞ 29 വർഷമായി നടത്തി വരാറുള്ള പിക്നിക്, വാർഷിക സംഗമം എന്നിവ നടത്താൻ പറ്റാത്ത ഈ കോവിഡ് കാലത്ത്‌ ഇങ്ങനെ ഒരു ചാരിറ്റി പ്രവർത്തനം നടത്താൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് സെക്രട്ടറി ബിജു ഇട്ടനും ട്രഷറർ തോമസ് ഉമ്മനും പറഞ്ഞു.

2021 ൽ മുപ്പതാം വര്ഷത്തിലേക്കു കടക്കുമ്പോൾ കേവലം 50 സജീവ അംഗങ്ങൾ മാത്രമുള്ള ഈ സംഘടന അമേരിക്കയിലെ മറ്റു പല വലിയ സംഘടനകളേക്കാളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വിവിധ നിലകളിൽ ദുരിതമനുഭവിച്ച 200 ൽ പരം വ്യക്തികളെ സാമ്പത്തികമായി സഹായിച്ചു.

ഹൂസ്റ്റണിൽ ‘ഹാർവി’ എന്നാ മഹാമാരി ആഞ്ഞടിച്ചപ്പോൾ ആരെക്കാളും മുമ്പിൽ തന്നെ പാസഡീന മേയറെ കണ്ട് 5000 ഡോളർ നൽകുവാൻ സംഘടനയ്ക്ക് കഴിഞ്ഞു. ചുറ്റുപാടിലും നാട്ടിലും ഉള്ള പാവപെട്ടവരോടുള്ള കടപ്പാടുകൾ കാലാകാലങ്ങളിൽ ഒത്തൊരുമയോടെ ഒരു കുടുംബമായി മുമ്പോട്ട് കൊണ്ട് പോകാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ഓരോ അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായും ബാബു കൂടത്തിനാലിൽ പറഞ്ഞു.

കമ്മിറ്റി അംഗങ്ങളായ ജോർജ് വർക്കി, രാജൻ ജോൺ, ബിനു കോശി, വിൽസൺ ജോൺ, ജോഷി വർഗീസ്, ജോമോൻ ജേക്കബ്, ഫെലിക്സ് കരിയിക്കൽ, റിച്ചാർഡ് സ്കറിയ എന്നിവർ പ്രത്യേക യോഗത്തിൽ സംസാരിച്ചു. മുപ്പതാം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പുതുവത്സരത്തിൽ എല്ലാ അംഗങ്ങളെയും ആദരിക്കുന്നതിനും കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു സംഘടയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി