കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസ് കെ മാണി വിഭാഗത്തിന് തന്നെ. ഹൈക്കോടതി വിധിക്കെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പി.ജെ ജോസഫ് ഹൈക്കടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശരിവച്ചത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തില്‍ ഇടപെടരുതെന്നും കമ്മിഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

കമ്മിഷന്റെത് ഏകകണ്ഠമായ തീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടില്‍ തെളിവെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹര്‍ജി.
ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്ന് സിവില്‍ കോടതി കണ്ടെത്തിയെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി.ജെ.ജോസഫിന്റെ ഹര്‍ജി. ജോസ് കെ.മാണിക്ക് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. പാര്‍ട്ടിയുടെ രേഖകളൊന്നും ജോസിന്റെ കൈവശമില്ലെന്നും ഹര്‍ജിയില്‍ ജോസഫ് പറഞ്ഞിരുന്നു.