ബീജിംഗ്: അമേരിക്ക ചൈനയ്‌ക്കെതിരെ എടുത്തിരിക്കുന്ന നിലപാടുകള്‍ മാറി കമ്പോളം തുറന്നുകിട്ടുമെന്ന ധാരണ മാറ്റിവെച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ട്രംപ് മാറി ബൈഡന്‍ വന്നാലും വാഷിംഗ്ടണ്‍ ചൈനയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് ബീജിംഗ് എത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മേഖലയിൽ പഠനം നടത്തുന്നവരും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശകരും ഇക്കാര്യം ചൈനയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ

ചൈന കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വാണിജ്യ മേഖലയിൽ പഠനം നടത്തുന്ന ഗ്ലോബല്‍ ആന്റ് കോണ്ടംപററി ചൈനാ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര വിശകലനമാണ് പുറത്തുവന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉപദേശം നല്‍കുന്ന പ്രമുഖ വ്യക്തിയായ സംഗ് യോംങ്‌നിയാന്‍ നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് അമേരിക്കയുടെ നയം ബൈഡനിലൂടെ മാറിമറിയില്ലെന്ന സൂചന നല്‍കിയത്.

‘ആ പഴയ നല്ല കാലം കഴിഞ്ഞു…അമേരിക്കയുമായി നടക്കുന്ന ലോക വ്യാപര രംഗത്തെ മത്സരവും ശീതസമരവും ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇപ്പോള്‍ ശക്തമായിരിക്കുന്ന അമേരിക്കയുടെ നയം ഉടനൊന്നും മാറില്ല’ സംഗ് വ്യക്തമാക്കി. ചൈനാ വിരുദ്ധ വികാരം ഭരണാധികാരി ഉണ്ടാക്കിയത് മാത്രമല്ല. അമേരിക്കന്‍ സമൂഹത്തിന്റെ ഇടയില്‍ ഇതേ വികാരം ശക്തമായിരിക്കുന്നു എന്ന കടുത്ത യാഥാര്‍ത്ഥ്യം ചൈനീസ് ഭരണാധികാരികള്‍ തിരിച്ചറിയണമെന്ന ഉപദേശവും സംഗ് നല്‍കുകയാണ്.